Articles

[Articles][twocolumns]

Stories

[Stories][bsummary]

Technology

[Technology][bleft]

ഒതളങ്ങ (ഒരു നിഷ്കളങ്കമായ കഥ )



  "ചേട്ടാ ഈ ഒതളങ്ങക്ക് ഇംഗ്ലീഷിൽ എന്താ പറയുക."
  കണ്ണൻ  എന്റെ കണ്ണിൽ  നോക്കി ചോദിച്ചു.

 ബിരുദം രണ്ടാം വർഷം കഴിയാൻ  ഇനിയും ഒരു മാസം മാത്രമേ അവശേഷിക്കുന്നുള്ളു പക്ഷേ ഇംഗ്ലീഷിൽ മര്യാദക്ക് ഒരു വാക്ക് എഴുതാൻ പോലും എനിക്കറിയില്ല. എന്തിനു എന്നെ കുറ്റം പറയണം. LKGയും UKGയും ഉണ്ടായിട്ടും ആശാൻ കളരിയിലും  ഒന്നാം ക്ലാസിലും വിട്ടു പഠിപ്പിച്ച വീട്ടുകാരെ പറഞ്ഞാൽ മതീലോ. പക്ഷെ എനിക്ക് പൂർണ്ണമായും അവരെ കുറ്റപ്പെടുത്താനും പറ്റില്ല. കാരണം നാലാം ക്ലാസുകഴിഞ്ഞ് അഞ്ചിലേക്ക് കയറിയപ്പോൾ അച്ച ചോദിച്ചതാണ് ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കട്ടേടായെന്ന്. മലയാളം എന്റെ മാതൃഭാഷയാണ്  എനിക്കത് പഠിച്ചാൽ മതിയെന്ന് ഞാൻ പച്ചക്ക് അച്ചയോട് പറഞ്ഞുകളഞ്ഞു!

എന്റെ അഹങ്കാരം അല്ലാതെന്ത് പറയാൻ. അത് അവിടെയും തീർന്നില്ല.  പല ക്ലാസുകളിലും ഇംഗ്ലീഷ് വാക്കുകളെ മലയാളീകരിച്ചു  ടീച്ചർമാരെ ഞെട്ടിച്ചുകൊണ്ടേയിരുന്നു. അവർ ചോദിച്ചപ്പോൾ ഞാൻ മലയാളിയാണെന്നും പഠിക്കുന്നതു മലയാളം മീഡിയത്തിലാണെന്നും പറഞ്ഞു. അവർ എന്നെ നോക്കി തല കുലുക്കി. ആ കുലുക്കലിന്റെ അർത്ഥം  മനസ്സിലാക്കാൻ എനിക്ക് സാധിച്ചത് വർഷങ്ങൾക്ക്  ശേഷമാണ്. പത്തു പാസ്സായി മികച്ച സ്കൂളിൽ തന്നെ ആദ്യം അഡ്മിഷൻ  എടുത്തു. അതും ഉയർന്ന വിഷയം എന്നു കരുതിയ കമ്പ്യൂട്ടർ സയൻസ്സിൽ. പിന്നീടങ്ങോട്ട് മൊത്തത്തിൽ‍അടിപൊളിയായിരുന്നു. ക്ലാസ് തുടങ്ങി ആദ്യ ദിവസങ്ങളിൽ പഠിപ്പിക്കുന്നത് ഒന്നും മനസ്സിലാകാതെ വന്നപ്പോൾ ബുക്ക് സ്റ്റോറിൽ പോയി 'പഠിക്കാനുള്ള' എല്ലാ പുസ്തകങ്ങളും വാങ്ങി. വീട്ടിലെത്തി 'പഠിക്കാന്‍' പുസ്തകം തുറന്ന ഞാൻ ഞെട്ടി. മൊത്തം ഇംഗ്ലീഷ്. നോക്കിയിട്ട് ഒരു വാക്കുപോലും മനസ്സിലായില്ല. സ്കൂളിൽ ഇംഗ്ലീഷിനെ പുച്ഛിച്ച എന്നെ നോക്കി തലയാട്ടിയ ടീച്ചർമാരെ സ്മരിച്ചു. പുസ്തകം മടക്കി വച്ചു. ഒരാഴ്ചക്കു ശേഷം എനിക്കിനി ഈ വിഷയം പഠിക്കാൻ പറ്റില്ലാന്ന് വീട്ടിൽ അവതരിപ്പിച്ചു. ഒരു ഭൂകമ്പമായിരുന്നു പിന്നീടു വീട്ടിൽ.  ആ അനശ്ചിതാവസ്ഥയെ നേരിടാൻ സ്വാതന്ത്ര്യം നേടാനുറച്ച ഗാന്ധിയെപോലെ ഞാൻ നിരാഹാര സത്യാഗ്രഹമിരുന്നു. അധികം വൈകാതെ അത് ഫലം കണ്ടു. ആ മികച്ച സ്കൂളിലെ ഉയർന്ന വിഷയത്തിലെ പഠനത്തോട് യാത്ര പറഞ്ഞയെന്നെ അമ്മ വീടിനടുത്തുള്ള കുഞ്ഞു പ്രൈവറ്റ് കോളേജിൽ ചേർത്തു. ഭാഗ്യമൊ കഷ്ടകാലമോ അവിടെന്നെ മലയാളത്തിൽ  വാണിജ്യം ( കൊമേഴ്സ്) പഠിപ്പിച്ചു. വലിയ തട്ടുകേടില്ലാതെ ഞാൻ ജയിച്ചു.

പിന്നീട്  കോളേജിൽ സാമ്പത്തികശാസ്ത്രം ബിരുദം പഠിക്കാൻ ചേർന്നു. കോളേജിലെ വിശാലമായ ക്യാമ്പസും വായിനോട്ടവുമൊക്കെയാരുന്നു മനസ്സിൽ  നിറഞ്ഞു നിന്നത്. അതൊണ്ടാണോന്നറിയില്ല അത്യാവശ്യത്തിനു സപ്ലികൾ ഞാൻ ഇതുവരെയുള്ള രണ്ടു വർഷത്തിനുള്ളിൽ തന്നെ സമ്പാദിച്ചിരുന്നു. മൂന്ന് സെമ്മുകളിലായ് ഉണ്ടായിരുന്ന അഞ്ചു ഇംഗ്ലീഷ് പേപ്പറുകളും പൊട്ടി. അതും പോരാത്തതിനു കഷ്ട്ടപ്പെട്ട് രണ്ട് വർഷം കൊണ്ട് വളച്ചെടുത്ത പെണ്ണും വേണ്ടാന്നു പറഞ്ഞ് ഇട്ടിട്ടുപോയ്. അതും വാലന്റൈൻസ്ഡേക്ക് കൃത്യം ഒരു മാസമുള്ളപ്പോൾ എന്താണല്ലേ! കൂട്ടുകാർ‍ പ്രണയിനികൾക്ക് ഡയറിമിൽക്ക് വാങ്ങികൊടുക്കുന്നതും ആലോചിച്ച് സങ്കടത്തിൽ  മുങ്ങി ഹോസ്റ്റൽ മുറിയോട് താത്കാലികമായി വിടപറഞ്ഞ് വീട്ടിലെ കുഞ്ഞുമുറിയിൽ ഒതുങ്ങിക്കഴിയുമ്പോഴാ ഈ ചെറുക്കന്റെ ഒരു ഒതളങ്ങ.

 ആലോചിച്ചുനോക്കിയാൽ  ശരിയാ എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാൻ ആ കാപാലികന്മാരെപ്പറ്റി ചിന്തിക്കാൻ പാടില്ലായിരുന്നു. ഞാൻ കണ്ണന്റെ പിഞ്ചു മുഖത്തേക്കു നോക്കി അവന്റെ നിഷ്കളങ്കമായ ചിരി. അതു കണ്ടപ്പോഴേക്കും എന്റെ  ദേഷ്യം വന്നപോലെ പോയി.

"എന്തിനാ കണ്ണാ നിനക്കിപ്പൊ ഒതളങ്ങയുടെ ഇംഗ്ലീഷ് "

ഞാൻ ചോദിച്ചു.

"അമ്മിണികുട്ടി ചോദിച്ചിട്ടാ"

അമ്മിണികുട്ടി അവന്റെ ക്ലാസമേറ്റും  ഉറ്റ സുഹൃത്തുമാണ്. ശരിക്കുമുള്ള പേര്  അർച്ചന കെ. 'അമ്മിണിക്കുട്ടി' കണ്ണൻ  അവളെ വിളിക്കുന്ന ചെല്ലപ്പേരാണ്. അവർ നാലാം ക്ലാസിലാണ് പഠിക്കുന്നത്. നാട്ടിലെ എന്റെ ഉറ്റ ചങ്ങാതിയാണ് കണ്ണൻ. അവൻ  അവന്റെ എല്ലാ കാര്യങ്ങളും എന്നോടു വന്നു പറയാറുണ്ട്. അതുകൊണ്ട് അവന്റെ സ്കൂളും ചങാതിമാരുമൊക്കെ എനിക്ക് സുപരിചിതരാണ്.

 അവനും എന്നേപൊലെ മലയാളം മീഡിയത്തിലാണ് പഠിക്കുന്നത്. അഞ്ചാം ക്ലാസ്സിൽ കേറമ്പോൾ അവനെ ഇംഗ്ലീഷ് മീഡിയത്തൽ വിട്ടാൽ  മതിയെന്ന് അവന്റെ വീട്ടിൽ  ഞാൻ പറഞ്ഞിട്ടുണ്ട്. അവനേലും നന്നായിവരട്ടെ.

"ആട്ടെ നീയെന്താ ഒതളങ്ങയുടെ ഇംഗ്ലീഷ് വേറാരോടും ചോദിക്കാതെ എന്നോടുതന്നെ ചോദിച്ചത് ? "

"അതുപിന്നെ ഞാൻ കുറേ പേരോട് ചോദിച്ചതാ. അവസാനം ഞാനെന്റെ അമ്മയോടും ചോദിച്ചു അപ്പോ അമ്മയാ പറഞ്ഞെ ഉണ്ണിയേട്ടനറിയാരിക്കും നീ പോയി ഉണ്ണിയോട് ചോദിക്കാൻ.  വലുതാകുമ്പോ ഉണ്ണിയേട്ടനെ പോലെ പഠിച്ച് വലിയ ആളാവണോന്നോക്കെയാ അമ്മ എന്നോട് പറഞ്ഞിരിക്കുന്നെ "

അവൻ പറഞ്ഞു.

"ദൈവമേ എന്നേ പോലെയോ! "

എന്റെ തലചുറ്റി വീഴാതിരിക്കാൻ അടുത്തുള്ള കസേരയിൽ പിടിച്ചു. എന്നിട്ട് അതിൽ തന്നെയിരുന്നു.

എന്തുപറ്റി ഉണ്ണിയേട്ടാ, കരോട്ടമ്മ വീട്ടിൽ വരുമ്പോൾ  എപ്പൊഴും പറയാറുണ്ട് ഉണ്ണിയേട്ടന്റെ വിശേഷങ്ങൾ."

എന്റെ അമ്മയെ അവൻ കരോട്ടമ്മയെന്നാണ് വിളിക്കാറ്. അവന്റെ അമ്മയെനിക്ക് മറ്റേയമ്മയാണ്. രണ്ടമ്മമാരും ഞങ്ങളെപോലെ തന്നെ  നല്ല കൂട്ടാണ്. പക്ഷേ എന്റെ അമ്മ അല്പം ബഡായിക്കാരിയാണ്. മറ്റുള്ളവരുടെ മുന്നിൽ  എന്നെ 'നല്ലവനായ ഉണ്ണി' ആയി അവതരിപ്പിക്കലാണ്  അമ്മയുടെ പ്രധാന ഹോബി. അമ്മയുടെ ബഡായി കേൾക്കുന്നവർ  യൂണിവേഴ്സിറ്റി സൈറ്റിൽ‍ കേറി റിസൽറ്റ് നോക്കാത്തത് എന്റെ ഭാഗ്യം. അല്ലേലും അവർക്ക് വേറെന്തെല്ലാം പരിപാടികൾ കിടക്കുന്നു.

"എടാ നീ അതൊന്നും നോക്കരുത് നീ നിന്നേപോലെ പഠിച്ചാമതി"

അവനെ ഞാനെന്റെ മടിയിൽ പിടിച്ചിരുത്തി ഒരു മാസ്സ് ഉപദേശം കൊടുത്തു.

അവൻ  മടിയിലിരുന്ന് കിണുങ്ങി.

"എടാ ഉണ്ണിച്ചേട്ടാ ഇംഗ്ലീഷ് എന്താന്ന് പറഞ്ഞുതാ തിങ്കളാഴ്ച്ച സ്കൂളിൽ ചെല്ലുമ്പോ എനിക്ക് അമ്മിണികുട്ടിക്ക് പറഞ്ഞു കൊടുക്കണം. അല്ലെ അവളു പിണങ്ങും "

കാര്യം ഞാൻ അവനേക്കാൾ കുറെ മൂത്തതാണെങ്കിലും സ്നേഹം കൂടുമ്പോൾ ഞങ്ങൾ എടാ പോടാ ബന്ധമാണ്.

"എനിക്കറിയില്ലെടാ"

ഞാൻ പറഞ്ഞു.

അവന്റെ മുഖം വാടി. അവൻ  എന്റെ മടിയിൽ നിന്നും പതുക്കെ എണിറ്റു.

"ഞാൻ പോവ്വാ"

അവൻ  പറഞ്ഞു

"എടാ നീ വിഷമിക്കാതെടാ. ഇന്ന് ശനിയല്ലെ ക്ലാസ്സ് മറ്റന്നാളല്ലെയൊള്ളു അപ്പോഴേക്കും ഞാൻ എങ്ങനേലും കണ്ടു പിടിച്ച് നിന്നോടു പറയാം. "
അവനെ ആശ്വസിപ്പിക്കാൻ ഞാൻ പറഞ്ഞു.

"ങും "

അവനൊന്നു മൂളി എന്നിട്ട് അവന്റെ വീട്ടിലേക്കോടി.

അവനു ശരിക്കും വിഷമമായി കാണും. കാരണം അമ്മണികുട്ടി അവന്റെ ജീവനാണ്. എങ്ങനേലും ഒതളങ്ങയുടെ ഇംഗ്ലീഷ് കണ്ടു പിടിക്കുക തന്നെ. ഞാൻ തീരുമാനിച്ചു.

കോളേജിലെ കൂട്ടുകാരെ വിളിച്ചു ചോദിച്ചാ ചിലപ്പോൾ  കിട്ടിയാലോ.

ഞാൻ ഫോണെടുത്തു.

 ആരെ വിളിച്ചാ കിട്ടും. ആലോചനയാരംഭിച്ചു.

 മനു അവനാകുമ്പോൾ ഇംഗ്ലീഷിൽ പുലിയാ. ഞാൻ കൂടുതലൊന്നും ആലോചിക്കാതെ അവനെ വിളിച്ചു.

"ഹലോ മനു ഞാനാടാ "

"അരാടാ എനിക്ക് മനസ്സിലായില്ല"

"ഞാനാടാ ഉണ്ണി അല്ല കിരൺ"

"സോറി കിണ്ണാ നിന്റെ നമ്പർ എന്റെ കയ്യിൽ  ഇല്ലാരുന്നു"

അല്ലേലും ഈ പഠിപ്പികൾ‍ പാവം മിഡിൽ ബഞ്ചറുടെ നമ്പർ‍ സൂക്ഷിക്കാറില്ലെല്ലോ. ഹും

പിന്നെ ഞാൻ വീട്ടിലെ ഉണ്ണിയും കോളേജിലെ കിരണും ക്ലാസിലെ കിണ്ണനുമാണ്

" അത് സാരമില്ലെടാ, ഞാനൊരു സംശയം ചോദിക്കാൻ   വിളിച്ചതാ"

ഞാങ്ങൾ സംസാരം തുടർന്നു.

"എന്താടാ ചോദിക്കെടാ"

"അളിയാ ചോദിക്കുന്നകൊണ്ടൊന്നും തോന്നരുത്. ഈ ഒതളങ്ങയുടെ ഇംഗ്ലീഷ് ഒന്നു പറഞ്ഞു തരാവോ? "

"എടേയ് ആളെ വടിയാക്കെതെ പോടെയ്. സ്റ്റഡിലീവിന്റേ സമയത്താ അവന്റെ ഒരു സംശയം. നിനക്ക് പഠിക്കാനുള്ളത് വെല്ലോം എടുത്തുവെച്ച് പഠിച്ചൂടെ. "

"അത്... ഞാൻ.. അളിയാ.."

ബീപ്.. ബീപ്.. അവൻ  ഫോൺ കട്ട് ചെയ്തു വലിയ പഠിപ്പി ആയതിന്റെ അഹങ്കാരമായിരിക്കും പോകാൻ പറ അവനോട്. അവൻ  വലിയ പഠിപ്പിയാണെങ്കിൽ  ഇതിന്റെ ഇംഗ്ലീഷ് പറഞ്ഞാൽ എന്താ. ആ  മണ്ടന്  അതിന്നും അറിയില്ലാരിക്കും അതാ ദേഷ്യപ്പെട്ടെ.  ഛേ നാണമനാണമില്ലാത്തോൻ

ഞാൻ മനസ്സിൽ  എന്നെതന്നെ ആശ്വസിപ്പിച്ചു.

എത്ര ചീത്ത കേട്ടാലും ഞാൻ അന്വേഷണം നിർത്താൻ തയ്യാറല്ലാരുന്നു.

 കണ്ണനും അവന്റെ അമ്മണികുട്ടിയും എനിക്ക് അത്ര പിയങ്കരമായിരുന്നു.

വീണ്ടും കുറേ കൂട്ടുകാരെ വിളിച്ചു. പലരും എന്നെ പുച്ഛിച്ചു. ചീത്ത പറഞ്ഞു പക്ഷേ ആർക്കും ഒതളങ്ങയുടെ ഇംഗ്ലീഷ് പറഞ്ഞു തരാൻ മാത്രം പറ്റിയില്ല.

ഞാൻ വീണ്ടും കുറേ ചിന്തിച്ചു. ആരെ വിളിക്കും. ഇനിയേതായാലും ക്ലാസ്സിലെയും ഹോസ്റ്റലിലെയും കോളേജിലെയുമൊന്നും കൂട്ടുകാർ വേണ്ട. വേറേ ആരേലും മതി. ചിന്തിച്ചു കൊറേ കൊറേ. അവസാനം ഞാനൊരുത്തരം കണ്ടെത്തി. എന്റെയൊരു നിഗമനമനുസരിച്ച് സൗത്ത് ഇന്ത്യയിൽ പൃഥ്വിരാജ് കഴിഞ്ഞാൽ ഇംഗ്ലീഷ് സംസാരിക്കുന്ന വ്യക്തി ആര് എന്നൊരു ചോദ്യമുണ്ടായാൽ ഉത്തരമായി ഞാൻ നൽകുക  ഇദ്ദേഹത്തിന്റെ പേരായിരിക്കും.  ഞാൻ ഫോൺ വീണ്ടും കയ്യിലെടുത്തു നമ്പർ ഡയൽ ചെയ്ത് കോൾ ബട്ടനിൽ തള്ളവിരലമർത്തി.

"My Dear"

ഫോൺ ഡിസ്പ്ലയിൽ പേരു മിന്നിത്തിളങ്ങി. അതെ എന്നെ ഇട്ടിട്ടു പോയ എന്റെ പ്രിയ കൂട്ടുകാരി. എന്റെ പ്രിയതമ. അവൾ ഗുഡ് ബൈ പറഞ്ഞ ശേഷം ഞാനവളെ വിളിച്ചിരുന്നില്ല. എന്നോട്‍ പറഞ്ഞിരുന്നു അവളെ വീണ്ടും ശല്യം ചെയ്യരുതെന്ന്. അത് അക്ഷരംപ്രതി അനുസരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു. അവളെ വിളിച്ചിട്ട് ശരിക്കും പറഞ്ഞാൽ ഒരു മാസവും രണ്ടു ദിവസവും കഴിഞ്ഞിരുന്നു.

രണ്ടുമൂനു ബെല്ലുകൾക്ക് ശേഷം അപ്പുറത്ത് നിശബ്ദ പരന്നു

"ഹലോ"

എന്റെ ആ ഹലോ മറുഭാഗത്തെ  നിശബ്ദ പറിച്ചെറിഞ്ഞു.

"എന്തു വേണം"

മറുപുറത്തുനിന്ന് അവൾ  ചോദിച്ചു. നല്ല കനത്ത ശബ്ദം.

"അത്പിന്നെ"

"എന്ത് പിന്നെ"

അവളുടെ ശബ്ദം കൂടുതൽ കനത്തതായ് എനിക്ക്  തോന്നി.

"നീ ദേഷ്യപ്പെടരുത് എനിക്കൊരു സംശയം ചോദിക്കാനാ"

"എന്ത് സംശയം. നീ ചോദിക്ക്"

"ഈ ഒതളങ്ങയില്ലെ.. ഒതളങ്ങ.. "

"എന്താ ഒതളങ്ങയ്ക്ക്. ഒതളങ്ങാ പുഴുങ്ങി ഞാൻ തിന്നണോ. അതോ നിനക്ക് പുഴുങ്ങി തരണോ?"

"നീ ചാടിക്കടിക്കാതെ ഞാൻ ചോദിക്കട്ടെ. പലരേം വിളിച്ചു. ഉത്തരം കിട്ടിയില്ല അതാ ഞാൻ നിന്നെ വിളിച്ചത്"

"ങും "

" ഈ ഒതളങ്ങയുടെ ഇംഗ്ലീഷ് എന്തുവാ ? "

"എടാ നീയെന്താ ആളെ കളിയാക്കുവാണോ?"

"അല്ല സുഹൃത്തേ ഞാൻ കാര്യമായി ചോദിച്ചതാണ്"

ഒന്നാതെ ബ്രേക്കപ്പ് അതിന്റെയിടയിൽ ഒരു അളിഞ്ഞ സംശയവും  ആർക്കാണെലും ദേഷ്യം വരും. സ്വാഭാവികം കൂടുതൽ  ദേഷ്യം പിടിപ്പിക്കാൻ എനിക്ക് ധൈര്യം വന്നില്ല. ഞാൻ കാര്യങ്ങൾ മുഴുവൻ പറഞ്ഞു.

"ഇതിനായിരുന്നോ "

ആ ചോദ്യത്തിൽ നിന്നും അവൾ കുറച്ചു തണുത്തതായ് എനിക്ക് തോന്നി. പാവം പെൺകുട്ടി

അവൾ തുടർന്നു.

"എടാ മണ്ടാ നിന്റെ ഫോണിൽ നെറ്റും വിക്കിപീഡിയയും ഒന്നൂലെ. നിസ്സാരമായി കിട്ടില്ലേടാ നിന്റെ ഒതളങ്ങയുടെ ഇംഗ്ലീഷ്. "

ശരിയാ ഞാനെന്തൊരു മണ്ടാനാ. വെറുതെ കുറേ കോളുവിളിച്ചു ഫോണിലെ പൈസ കളഞ്ഞു .

"താങ്ക് യൂ"

ഞാനവക്ക് ഒരു നന്ദി ഇംഗ്ലീഷിൽ തന്നെ പറഞ്ഞു.

"എടാ നിനക്ക് വേറൊന്നും പറയാനില്ലെ"

അവൾ  പതുക്കെ ചോദിച്ചു.

"വേറെന്താ ?"

''വേറൊന്നൂലെ, എന്നാ  ഫോൺ വെച്ചോ."

അവൾ പറഞ്ഞു.

ആ മറുപടിയുടെ അർത്ഥം കുറച്ചെനിക്ക് മനസ്സിലായി. ഞാൻ രണ്ടും കല്പിച്ച് പറഞ്ഞു.

"I miss you"

അവൾ ചിരിച്ചു എന്നിട്ട് പറഞ്ഞു.


"I Miss you too. നിന്നെ വെറുക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കുറച്ചു നാളുകൾ കൊണ്ട് ഞാൻ മനസ്സിലാക്കി. ശരിക്കും പറഞ്ഞാൽ ഞാൻ നിങ്ങളുടെ ഒരു ഫോൺ കോളിന്നുവേണ്ടി കാത്തിരിക്കുകയായിരുന്നു.  ജീവിതകാലം മുഴുവൻ നീയെന്റെ കൂടെ വേണം. ഞാൻ എപ്പോ പിണങ്ങിയാലും നിങ്ങളെന്റെ പുറകെ വന്നു പിണക്കം മാറ്റണം. പറ്റുവോ ? "

എന്താ പറയെണ്ടെത് എന്ന് എനിക്ക് അറിയില്ലായിരുന്നു. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. "പറ്റുവോന്നോ! പിറകെവന്നല്ല കൂടെവന്നു ഞാൻ പിണക്കം മാറ്റിയിരിക്കും."

സന്തോഷം തുളുമ്പിയ ആ  വാക്കുകൾ ഒരുകൊച്ചു തുമ്പിയെപോലെ എന്റെയുള്ളിൽ നിന്ന് പറന്നുവന്നു.

"എടാ ഞാൻ  ഫോൺ  വെക്കുവാ  അമ്മ വീട്ടിലുണ്ട് ഞാൻ  പിന്നെ വിളിക്കാമേ"

അവൾ കിണുങ്ങി.

എനിക്കെന്തോ സ്വർഗത്തിലെത്തിയ സന്തോഷമായിരുന്നു. പറന്നകന്ന എന്റെ  നിശബ്ദ പ്രണയം വലിയൊരു ശബ്ദത്തോടെ നെഞ്ചിൽ വിണ്ടുംഇടിച്ചിറങ്ങിയപോലെ തോന്നി.

ഞാൻ പെട്ടെന്ന് തന്നെ ഫോണിലെ ഇന്റർനെറ്റ് ഓൺ  ചെയ്തു.

പിന്നീട് ഗൂഗിളിൽ വമ്പൻ  പരതലായിരുന്നു. അഞ്ചു മിനുട്ടുകൾക്ക് ശേഷം നിറഞ്ഞ ചിരിയോടെ വീട്ടിലെ എന്റെ മുറിവിട്ട് കണ്ണന്റെ വീട്ടിലേക്ക് ഞാൻ പാഞ്ഞു.

"മറ്റേമ്മേ കണ്ണനെവിടെ"

പുറത്തുനിന്ന അവന്റെ അമ്മയോട്  അവനെ അന്വേഷിച്ചു.

"കണ്ണൻ  അകത്തിരുന്നു കളിക്കുന്നുണ്ടെടാ. എന്താ ഉണ്ണി ? എന്തു പറ്റിയെടാ? "

മറുപടി നൽകാനൊന്നും എനിക്ക് സമയമുണ്ടായിരുന്നില്ല. ഞാൻ  അകത്തേക്കോടി അവനിരിക്കുന്ന മുറിയലെ കളിപ്പാട്ടങ്ങൾക്കിടയിൽനിന്ന് കണ്ണനെ വാരിയെടുത്ത് ഉമ്മവച്ചു എന്നിട്ടവനോട് ചോദിച്ചു.

" ഒതളങ്ങയുടെ ഇംഗ്ലീഷ് എന്തണെന്നറിയണോടാ കണ്ണൻ മുത്തേ? "

"അറയണോഡാാ ഉണ്ണിച്ചക്കരേ..?

അറിയാനുള്ള ആകാംക്ഷയിൽ ഉയർന്ന അവന്റെ ശബ്ദം ആ മുറിയെ പ്രകമ്പനംകൊള്ളിച്ചു.

ആ പ്രകമ്പനങ്ങളെ കീറിമുറിച്ച് ഞാനലറി.

"ഫ്രൂട്ട് ഒാഫ് സെറിബെറാ ഒഡെല്ലം"

About the Author
Bala murali Damu is an Economics graduate from St Berchmans College, Changanacherry. He is a writer, movie critic, photographer and loves traveling and socializing.

Find him on Facebook: Bala Murali Damu

No comments: