Articles

[Articles][twocolumns]

Stories

[Stories][bsummary]

Technology

[Technology][bleft]

ആൺകോന്തി


       അവൾ‍എന്നും അതിരാവിലെ എണീക്കും. അന്നും പതിവുപോലെതന്നെ അതിരാവിലെ ഉറക്കമുണർന്നു  കുളിച്ച്  വൃത്തിയായി അവളുടെ കൃഷ്ണനുമുന്നിൽ‍ വിളക്കുവച്ചു. അടുക്കളയിൽ  പ്രവേശിച്ചു. ചായ റെഡിയാക്കി, ചോറിനുള്ള വെള്ളം വച്ചു. മുറിയിൽച്ചെന്ന് അദ്ദേഹത്തിനെ വിളിച്ചുണർത്തി  അദ്ദേഹം എണീറ്റു പല്ലു തേച്ചു ഉമ്മറ കസേരയിലെത്തിയപ്പോഴേക്കും അവൾ‍ അദ്ദേഹത്തിന്റെ കണ്ണാടിയും ചായയുമായ് എത്തി.  ചുവന്ന  കളറുള്ള ചായ അദ്ദേഹത്തിനു നൽകി   വലം കയ്യിലെ പത്രവും . അദ്ദേഹം അതേറ്റുവാങ്ങി   സ്നേഹത്തിന്റെ  ചുവയുള്ള ഒരു ചുവന്ന ചിരി അവൾക്ക് നൽകി. ഒരു തെളിഞ്ഞ ചിരി മറുപടിയായി സമ്മാനിച്ച ശേഷം അവൾ അടുക്കളയിലേക്ക് നടന്നു. അദ്ദേഹം പത്രപാരായണത്തിലേക്കും. ‍

  അടുക്കളയിലെത്തി അവൾ അരി കഴുകി  തിളച്ച വെള്ളത്തിലേക്കിട്ടു. അരി വീണപ്പോൾ‍ ഉയർന്നു വന്ന വെള്ളത്തുള്ളികൾ അവളുടെ കൈകളിലെ ചുവന്ന പൊട്ടുകളായി അവശേഷിച്ചു. അവൾ‍ ചിരിച്ചു. വർഷങ്ങളായി തന്നോടു അകലം പാലിച്ചുനിന്ന ചിരിയായിരുന്നു അദ്ദേഹത്തിൽ നിന്നും  ഇന്ന് ലഭിച്ചത്. തലേന്ന് അദ്ദേഹം കുടിച്ചിരുന്നില്ല. കഴിഞ്ഞ കുറെ നാളുകളായ് തുടർന്നിരുന്ന ശീലത്തിലെ മാറ്റം അവൾക്ക് അമ്പരപ്പായിരുന്നു. രാത്രി വീട്ടിൽ വന്നശേഷം അത്താഴം കഴിക്കാതെ ഒരുപാടു നേരം തന്നെത്തന്നെ നോക്കിയിരുന്നു. കയ്യിൽ പിടിച്ചു കരഞ്ഞു. ഒരുപാടു തവണ മാപ്പു ചോദിച്ചു. കാമമില്ലാതെ വാരിപുണർന്നു..  ഏറെനേരം മടിയിൽ‍തലവെച്ചു കിടന്നു. ഇതെല്ലാം സംഭവിച്ചത് വളരെ നാളുകൾക്ക് ശേഷം പെട്ടെന്നൊരു ദിവസം. വിവാഹം കഴിഞ്ഞു അഞ്ചു വർഷമായി. ഒരു കുഞ്ഞിനെ നൽകി ദൈവം അവരെ അനുഗ്രഹിച്ചില്ല. അതിനോടുള്ള അമർഷമെന്നപോലെയായിരുന്നു അദ്ദേഹം മദ്യപാനത്തെ സമീപിച്ചത്.  വെറിപിടച്ച  മൃഗത്തെപോലെ തന്നിലെ സ്ത്രീയെ അദ്ദേഹം പിച്ചിചീന്തി. പക്ഷേ അവൾ തളർന്നില്ല അദ്ദേഹത്തെ ശപിച്ചില്ല. ശപിക്കാൻ‍ അവൾക്ക്  കഴിഞ്ഞില്ല. അനാഥയായ വളർന്ന അവൾക്ക് പുതിയൊരു  ജീവിതം നൽകിയത് അദ്ദേഹമായിരുന്നു. സ്നേഹനിധിയായ ഭർത്താവായിരുന്നു അദ്ദേഹം. താനെന്നു പറഞ്ഞാൽ‍ ജീവനായിരുന്നു. കുട്ടികളില്ലാത്ത വിഷമത്തിൽ‍ ആദ്യമൊക്കെ മൗനമായിരുന്നു പിന്നീടാണ് അത് മദ്യപാനത്തിലേക്ക് നീണ്ടത്. കുടിച്ച് കുടിച്ച് ജീവിതത്തിന്റെ നല്ലൊരുഭാഗവും വറ്റിച്ചു. അതു നോക്കി നിൽക്കാനല്ലാതെ എതിർക്കാനുള്ള ധൈര്യം തനിക്കില്ലായിരുന്നു. എന്നാലിന്നലെ..

"എടീ"

പെട്ടെന്ന് അകത്തേക്ക് കടന്നുവന്ന അദ്ദേഹത്തിന്റെ വിളി ഓർമ്മകളിൽ നിന്നും അവളെ പുകയുന്ന അടുക്കളയിലേക്ക് തിരികെയെത്തിച്ചു. അവൾ‍ അദ്ദേഹത്തിന്റെ അടുത്തേക്കോടി. അദ്ദേഹത്തിന്റെ കണ്ണുകൾ‍  കലങ്ങിയിരുന്നു അവളുടെയും. അദ്ദേഹം എണീറ്റു അവളുടെ നെറ്റിയിൽ‍ ചുബിച്ചു. അവളുടെ കണ്ണുകൾ‍ നിറഞ്ഞു തുളുമ്പി. അവൾ‍ അദ്ദേഹത്തിന്റെ നെഞ്ചിലേക്കു ചാഞ്ഞു. അദ്ദേഹത്തിന്റെ 'വിളി' എന്തിനാണെന്ന് അവൾ‍ ചോദിച്ചില്ല അദ്ദേഹം പറഞ്ഞതുമില്ല. തന്റെ  ജീവിതത്തിലെ പ്രതീക്ഷയുടെ പ്രകാശത്തെ ആ കണ്ണുനീർത്തുള്ളികളിൽ‍ അവൾ‍ കണ്ടു. ഹൃദയത്തിൽ‍ നിന്നുള്ള ക്ഷമാപണമായി തന്റെ ആലിംഗനത്തെ അദ്ദേഹം അവൾക്ക് നൽകി. സ്നേഹത്തോടെയുള്ള ഒരു നോട്ടം മാത്രം ആഗ്രഹിച്ച ആ വേട്ടമൃഗത്തിനു തന്റെ ജീവിതത്തെ വേട്ടയാടിയ വേട്ടക്കാരനോടു  ക്ഷമിക്കാൻ‍ അത് ധാരാളമായിരുന്നു. അവൾ‍ അവളുടെ ജീവിതത്തെ മുറുകെ പിടിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ‍അദ്ദേഹത്തിന്റെ ആരോഗ്യം പാടേ നശിച്ചിരുന്നു  അവളുടെയും. അവൾ  അദ്ദേഹത്തെ സ്നേഹിച്ചുകൊണ്ടേയിരുന്നു. എല്ലാം  തന്റെ കുറവുകളായി കണ്ടു പുഞ്ചിരിച്ചു. അവളോടുള്ള സ്നേഹം അദ്ദേഹത്തിലും നിറഞ്ഞിരുന്നു. അദ്ദേഹം അവളെ തന്റെ ഹൃദയത്തിൽ‍ ചേർത്തു പിടിച്ചു. ബോധമില്ലാത്ത അവസ്ഥയിൽ താനിടിച്ചു നൊവിച്ച പുറം തലോടി. ഭിത്തിയിലിടിച്ചു മുറിവേൽപ്പിച്ച നെറ്റിയിൽ‍ ചുംബിച്ചു. ദീർഘ നാളുകൾക്കു ശേഷം കാണുന്ന അവരുടെ സ്നേഹപ്രകടനത്തിൽ നാണം തോന്നിയ തെങ്ങ് മുറ്റത്തേക്ക് ഒരു നാളികേരം പൊഴിച്ച് തന്റെ സാന്നിദ്ധ്യം അറിയിച്ചു.പരിസരബോധം വീണ്ടെടുത്തവൾ ഒരു ചെറു നാണത്തോടെ‍അകത്തേയ്ക്കോടി. അദ്ദേഹം പുറത്തേക്ക് നോക്കി തന്റെ  ചൂടാറിയ ചായ ചുണ്ടോടടുപ്പിച്ചു.


തിളച്ചുമറിഞ്ഞ കഞ്ഞിവെള്ളം തീ അണച്ചിരുന്നു. അവൾ  പുക തള്ളുള്ള അടുപ്പിൽ‍ ചുമച്ചുകൊണ്ട് ഊതി. ഒഴിഞ്ഞ ചായ ഗ്ലാസ്സും  പുറത്തുവീണ നാളികേരവുമായി അദ്ദേഹം അടുക്കളയിലെത്തി.

 " പ്രാതലിനു കഞ്ഞിക്ക് നിന്റെ തേങ്ങ ചമ്മന്തി മാത്രം മതി" .

അവൾ‍ സന്തോഷത്തോടെ അദ്ദേഹത്തെ നോക്കി തലയാട്ടി. നാളികേരം അവളെയേൽപ്പിച്ച് അദ്ദേഹം തിരിഞ്ഞു നടന്നു. വാതിൽപ്പടിയിലെത്തി തല അകത്തേക്ക് നീട്ടി പറഞ്ഞു

 "ഞാനിന്ന് ഓഫീസിൽ‍ ലീവാണ്" .

 സ്നേഹത്തിന്റെ സന്തോഷം അവളുടെ എണ്ണമെഴുക്കു നിറഞ്ഞ കവിളുകളെ ചുവപ്പിച്ചു.

അവൾ പെട്ടെന്നുതന്നെ‍ തേങ്ങ പൊതിച്ച് ചമ്മന്തിയരച്ചു . ചൂടു കഞ്ഞി പാത്രത്തിൽ പകർത്തി അദ്ദേഹത്തെ പ്രാതലിനു ക്ഷണിച്ചു . കുളിച്ചു കുറിതൊട്ടുവന്ന അദ്ദേഹം തീൻമേശയ്ക്കു മുന്നിലുള്ള കസേരയിലിരുന്നു അവളെയും തന്നോടൊപ്പം ഇരിക്കാൻ‍ക്ഷണിച്ചു.

"ഈ ചൂടു കഞ്ഞി എനിക്ക് നിന്റെ കയ്യിൽ  നിന്നും മതി "

ഒരു കുഞ്ഞിന്റെ നിഷ്കളങ്കത ആ മുഖത്ത് നിഴലിച്ചിരുന്നു. ചിരിച്ച മുഖത്തോടെതന്നെ അവൾ‍ കഞ്ഞി കൊടുത്തു. പ്രാതൽ‍ കഴിഞ്ഞ് അദ്ദേഹം ഉമ്മറത്തേയ്ക്ക് പോയി. പുറത്തേയ്ക്ക് നോക്കി ചുറ്റുമുള്ള നിറങ്ങളെ എണ്ണി. കാക്കത്തോള്ളായിരം നിറങ്ങൾ‍ പരന്നു കിടക്കുന്നു.ആ വലിയ വീടിന്റെ ഒരു വശത്തു പൊട്ടിയ മദ്യകുപ്പികളുടെ ഒരു കൂമ്പാരം  അദ്ദേഹം കണ്ടു. ഒരു കറുമ്പൻ  കാക്ക ആ കൂമ്പാരത്തിലെന്തോ കാര്യമായി അന്വേഷിച്ചു നടക്കുന്നു. ഇടയ്ക്ക് തലവെട്ടിച്ച് തന്നെ നോക്കുന്നുണ്ട്. പൂർവികരുടെ ശാസന നിഴലിക്കുന്ന നോട്ടം. അദ്ദേഹം മുറ്റത്തേക്കിറങ്ങി   കാടുകയറിയ തൊടിയിലെ ആ  നീണ്ട ചെറിയ നടപ്പുവഴി കണ്ടെത്തി. ജീവിതത്തെ കുടിച്ചു തീർത്ത കുപ്പികൾക്ക് മുഖം നൽകാതെ അദ്ദേഹം തൊടിയിലേക്ക് നടന്നു.

"എടീ"  അദ്ദേഹം നീട്ടിവിളിച്ചു.

ക്ഷണനേരംകൊണ്ട് അവൾ‍ അവിടെത്തി.

"നിന്റെ അടുക്കളയിലെ പണി കഴിഞ്ഞോ ?"

"ഊവ്വ്" അവൾ‍ തലയാട്ടി.

 "എങ്കിൽ‍ വാ നമ്മുക്കൊന്ന് നടക്കാം"

 അദ്ദേഹം അവളുടെ കയ്യിൽ‍ പിടിച്ചുകൊണ്ട് നടക്കാൻ‍ തുടങ്ങി.
നേരം ഉച്ചയൊടടുത്തുവെങ്കിലും വെയിലിനു ചൂടു കുറവായിരുന്നു . എങ്കിലും കുറച്ചു നടന്നപ്പോഴേക്കും അദ്ദേഹം വിയർത്തു  അവൾ‍ തന്റെ കരി പുരണ്ട സാരിത്തുമ്പിൽ‍ ആ വിയർപ്പൊപ്പി ഒരു ചെറുകാറ്റ് അവരെ സ്പർശിച്ചു കടന്നുപോയ്. അവർ പച്ച പാഴ്ചെടി നിറഞ്ഞ ആ തൊടിയിലെ ഇടവഴിയിലൂടെ നടന്നു.

"നിനക്ക് എന്റെ കൂടെ ജോലിചെയ്യുന്ന ജോസ്സിനെ അറിയില്ലെ. അവനെയും മക്കളെയും ഉപേക്ഷിച്ച്  അവന്റെ ഭാര്യ വേറൊരുത്തനോടൊപ്പം  പോയി. ഒരു കുറവും അവന് കുടുംബംത്തിനുണ്ടാക്കിയിട്ടില്ല.  ജീവനായിരുന്നു അവനു കുടുംബം." അദ്ദേഹം അവളോടായി പറഞ്ഞു.

 അവളുടെ മുഖം കൂമ്പി. അവൾക്ക് ജോസ്സിനെയറിയം പല തവണ അദ്ദേഹത്തിനോടൊപ്പം കണ്ടിട്ടുണ്ട് അദ്ദേഹം നല്ല ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് ഹൃദയംകൊണ്ടാഗ്രഹിച്ച മനുഷ്യൻ. ഒരുപക്ഷേ ജോസിന്റെ   തകർച്ചകയാകും  ഇവിടെ വെളിച്ചം പകരുന്നത്.

"തിരികെ നടക്കാം " അദ്ദേഹം പറഞ്ഞു.

അവർ‍ തിരികെ നടന്നു.  അവളുടെ കാലിൽ‍ നിറയെ ചെളിയായിരുന്നു. മുറ്റത്തെ കിണറ്റുകരയിൽ‍ അതു കഴുകാനായി നിന്നു. അദ്ദേഹം വെള്ളം കോരി അവളുടെ കാലിലേക്കൊഴിച്ചു.

 "ദേ നിന്റെ കാലിൽ‍ നിന്നും ചോര"  അദ്ദേഹം പറഞ്ഞു.

"കല്ലിലോ മറ്റോ തട്ടിയതാവും "
അവൾ‍ അത് അവഗണിച്ചു അകത്തേയ്ക്ക് പോയി കാലിൽ‍ ഒരു ചെറിയ തുണിചുറ്റി.

" ഊണെടുക്കട്ടെ "അവൾ‍ ചോദിച്ചു.

"ഇപ്പോ വേണ്ട ഞാനൊന്നു കിടക്കാൻ  പോവ്വാ "

അവളും അദ്ദേഹത്തോടൊപ്പം മുറിയിൽ  പ്രവേശിച്ചു.

" ഞാനും "

അവൾ‍ കിടക്കയിലേക്ക് വിരൽ‍ചൂണ്ടി കിണുങ്ങി.

 അദ്ദേഹം കൈകൾ‍ഉയർത്തി പിടിച്ച് അവളെ തന്നിലേക്ക് ക്ഷണിച്ചു.  അവൾ  അദ്ദേഹത്തിന്റെ കൈകൾക്കുള്ളിലേക്ക് ലയിച്ചു. അദ്ദേഹത്തിന്റെ നെഞ്ചിൽ ഒരു കുഞ്ഞിനെ പോലെ അവൾ‍ ചേർന്ന്   കിടന്നു. നേരം കടന്നുപോയ്  ക്ലോക്കിലെ സൂചികളുടെ കള്ളനും പോലീസും കളി സമയത്തെ  സൂപ്പർഫാസ്റ്റാക്കി. മുറ്റത്തു തെങ്ങോല വീണ ശബ്ദം കേട്ടാണ് അദ്ദേഹം ഉണർന്നത്. അവളിപ്പോഴും തന്റെ നെഞ്ചിൽ ചേർന്ന്  കിടക്കുകയാണ്.

"എടീ" അദ്ദേഹം  അവളുടെ കയ്യിൽ‍ തട്ടി വിളിച്ചു.

കൈകൾ‍ തണുത്തു മരച്ചിരുന്നു. അദ്ദേഹം ഒരു കൈ കൊണ്ട് ജനാല തള്ളി തുറന്നു സൂര്യന്റെ  പ്രകാശം അവളുടെ കരിനീലിച്ച ശരീരത്തിൽ തട്ടിത്തെറച്ചു. അവളുടെ ശിരസ്സിനെ അദ്ദേഹം തന്റെ നെഞ്ചിലേക്ക് വീണ്ടും അടുപ്പിച്ചു. അദ്ദേഹത്തിന്റെ ഒരു വിങ്ങൽ‍ മാത്രം ആ മുറിയിൽ‍ നിറഞ്ഞു. കണ്ണീർത്തുള്ളികൾ‍ അവളുടെ നീണ്ട തലമുടിയിലൂടെ ഒലിച്ചിറങ്ങി.

"എടീ"

അദ്ദേഹം വീണ്ടും അവളെ നീട്ടി വിളിച്ചു.

About the Author
Bala murali Damu is an Economics graduate from St Berchmans College, Changanacherry. He is a writer, movie critic, photographer and loves traveling and socializing.

Find him on Facebook: Bala Murali Damu

No comments: