കുട്ടിക്കാനത്തുനിന്ന് ചുവന്ന ആനവണ്ടിയിൽ കയറിയപ്പോൾ ഒരു സീറ്റ് മുഴുവനായും എനിക്ക് വേണ്ടി കാലിയായി കിടന്നിരുന്നു.!
ഫോണിലേയ്ക്ക് ഹെഡ്സെറ്റ് ഘടിപ്പിച്ച് ബാഗ് മുകളിൽ ബർത്തിൽ വച്ച് ഞാൻ പതിയെ സീറ്റിലിരുന്നു! ഹെഡ്സെറ്റിൻ്റെ ബഡ്ഡുകൾ ചെവികൾക്കുള്ളിലേയ്ക്കും!
ശരാശരി യുവാവ് ബസ്സിൽ കയറിയതിന് ശേഷം ശ്രദ്ധിക്കുന്ന കാര്യങ്ങളെല്ലാം എൻ്റെ ശ്രദ്ധയിൽ പതിഞ്ഞു!(നാക്ക് പുറത്തിട്ട് ചിരിക്കുന്ന ഇമോറ്റിക്കോൺ)
ജനൽകമ്പിയിൽ തൂങ്ങികിടക്കുന്ന മഴത്തുള്ളികളെ ചൂണ്ടുവിരൾക്കൊണ്ട് തലോടി. 'കൂട്ടികാല നൊസ്റ്റു' എന്നറിയപ്പെടുന്ന പ്രതിഭാസമാണിത്! എൻ്റെ സീറ്റിൽ വേറെയാരുമില്ല!
പെട്ടന്ന് എൻ്റെ കൈയ്യിൽ ഒരു കുഞ്ഞുവിരൾ തൊട്ടു,
"സൈഡിലിരുത്ത്വോ'
"മോളേതാ!?"
"എന്നെ സൈഡിലിരുത്ത്വോ.."
എൻ്റെ കണ്ണുകൾ ഈ കുഞ്ഞിൻ്റെ ഉടയോനെ തിരഞ്ഞു. എതിർവശത്തെ സീറ്റിൽ നിന്ന് ഒരു അച്ഛനും അമ്മയും എൻ്റെ മുഖത്തേയ്ക്ക് നോക്കി വിനയത്തോടെ പുഞ്ചിരിച്ചു!
'റിസർവേഷൻ'! കുഞ്ഞ് കുട്ടിയുടെ ഒരു അഭ്യർത്ഥനയും, വിനയം മുഖത്ത് നിറഞ്ഞ അച്ഛനുമമ്മനയും ഒരു ബസ്സിലുണ്ടെങ്കിൽ സൈഡ് സീറ്റ് ആ കുട്ടിയ്ക്ക് റിസേർവ്വാണ്!
'കുട്ടിക്കാല നൊസ്റ്റു' പാടെ വിട്ടുപിരിയാത്ത ആ എഞ്ചിനിയർ അദ്ദേഹം തൻ്റെ നശ്വരമാര സൈഡ് സീറ്റ് ആ കുട്ടിയ്ക്ക് വിട്ടുകൊടുത്തു.
ടിക്കറ്റു കീറിത്തന്നതിന് ശേഷം കണ്ടക്റ്ററും ആ കുഞ്ഞിൻ്റെ മുഖത്ത് നോക്കി ചിരിച്ചു!
ഞാൻ അവളോട് ചോദിച്ചു.
"എന്താ മോള്ടെ പേര്?"
:- "കാരൺ"
"എന്ത്വാ"
:- "കാരൺ.!!"
"ഒാഹ്, എത്രാം ക്ളാസ്സിലാ മോള്"
അവളൊന്നും മിണ്ടിയില്ല! ജനൽ കമ്പിയിൽ പിടിച്ച് കുട്ടിക്കാനം-മുണ്ടക്കയം കാനനഭംഗി ആസ്വദിച്ചുകൊണ്ടിരുന്നു!
"She was super cute"
അതാണ് എനിക്കാ കുഞ്ഞിൻ്റെ കുറുമ്പ് കണ്ടപ്പോ തോന്നിയത്!
ഫോണിൽ വാട്ട്സാപ്പ് മെസ്സേജുകൾ വായിക്കാമെന്ന വിചാരത്തിൽ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഞാനതിൻ്യെ പാറ്റേൺ ലോക്കഴിച്ചു!
"ഗേയിം, ഉണ്ടോ അങ്കിൾ"
:- "എന്താ"
"ടോക്കിംഗ് ടോം ഉണ്ടോ!
:- " ഇല്ല, ഇതിൽ...ഇതിൽ ഗെയിമൊന്നുമില്ല! ഞാൻ ഗെയിം കളിക്കാറില്ല മോളേ.!
ഏഴാം മാസ്സത്തികവിൽ ചേച്ചിയുടെ വയറ്റിൽ കിടക്കുന്ന അപ്പ്കമ്മിംഗ് ഫാമിലിമെമ്പർ വരുന്നതിന് മുൻപ് ഒരാൾ എന്നെ 'അങ്കിൾ' എന്ന്!
അതോ എന്നെ കണ്ടാ ഇത്രയ്ക്ക് പ്രായം പറയ്വോ..!
രണ്ട് ചോദ്യങ്ങളാരുന്നു മനസ്സിൽ.
'അങ്കിള് നിൻ്റെ അപ്പൻ' പല്ല് കടിച്ച് ഞാൻ മനസ്സിൽ പറഞ്ഞു.
"അതേ, മോളെ ഒന്ന് ശ്രദ്ധിച്ചേക്കണേ! കേട്ടോ!"
അവളുടെ അച്ഛൻ എതിർസീറ്റിലിരുന്ന് എന്നോട് പറഞ്ഞു
"ശരി അങ്കിൾ" എന്ന് ഞാനും!
തനിയെ പാട്ട് പാടുകയും തനിയെ സംസാരിക്കുകയും ചെയ്യുന്ന ആ കുഞ്ഞിൻ്റെ മുഖത്തേയ്ക്ക് ഞാൻ നോക്കിയിരുന്നു. അത് കണ്ട് പതിയെ ചിരിക്കുയും ചെയ്തു!
"എത്രയിലാ പഠിക്കുന്നതെന്ന് കാരൺ പറഞ്ഞില്ല"!
അവൾ: " ഞാനോ, രണ്ടാം ക്ലാസിലാ അങ്കിൾ"
ഞാൻ: ''അങ്കിൾ അല്ല ചേട്ടൻ"
അവളെൻ്റെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി, പിന്നെ ഒന്ന് ചിരിച്ചു!
ഞാൻ: ''മോൾക്കെന്താ ഈ സൈഡ് സീറ്റ് ഇത്രയ്ക്ക് ഇഷ്ടം''
അവൾ: "നടുക്കിരുന്നാ, ഞാനൊറങ്ങി പോവും, ഒന്നും കാണത്തില്ല! ഇവിടെ ഇരുന്നാല്, ഒാരോ സ്ഥലവും കാണാം, ഇനീം ഈ വഴി വരുമ്പോ, ഈ കണ്ടതെല്ലാം ഒന്നുകൂടി കാണാൻ ഞാൻ കാത്തിരിക്കും!"
ഞാൻ: ഭയങ്കരീ, ഇതാര് പറഞ്ഞ് തന്നതാ! ഏഹ്
അവൾ: " ചേട്ടായിയേ, കളിയാക്കുവാല്ലേ, "
ചിരിച്ചുകൊണ്ട് ഞാനവളുടെ അച്ഛൻ്റെ മുഖത്തേയ്ക്ക് നോക്കി
ഞാൻ: "ഒരാളേ ഒള്ളോ"
അയാൾ: " പ്രസ്ൻ്റലി, ഒരാളേ ഒള്ളു, she's carrying "
അയാൾക്ക് ഒരു ചിരി സമ്മാനിച്ചതിന് ശേഷം ഞാൻ വീണ്ടും അവളോട് ചോദിച്ചു!
"അച്ഛനാണോ അതോ അമ്മയാണോ പാവം!
" രണ്ടും കണക്കാ ചേട്ടായീ"
ക്ലീഷേ ഉത്തരം പ്രതീക്ഷിച്ച എനിക്ക് അവളുടെ ലെവല് മനസ്സിലാക്കിത്തന്ന ഉത്തരമായിരുന്നു അത്!
"ചേട്ടായിക്ക് ലൈനുണ്ടോ"
"എഹ്! ലൈനോ!"
"പറ, ഉണ്ടോന്ന്"
"മൂന്നെണ്ണം ഉണ്ടല്ലോ"
എൻ്റെ സർക്കാസം അവൾക്ക് മനസ്സിലായി.
"നിനക്കുണ്ടോ"
അവൾ: "അയ്യേ, എനിക്കോ,.
ചേട്ടായിയേ..!!''
ഞാൻ: " നീ പറഞ്ഞോ,ഞാൻ പപ്പായോട് പറയില്ലാന്നേ"
അവൾ: "അത് ആകുമ്പോൾ ഞാൻ പറഞ്ഞോളാം ചേട്ടായീ"
അവിടെയും തോൽവി ഞാൻ മണത്തു! പിന്നെ അങ്ങോട്ടുള്ള യാത്രയിൽ അവൾ നിർത്തിളാതെ സംസാരിച്ചു..പൊട്ടിച്ചിരിച്ചു..
അമ്മയുടെ സീരിയല്‍ പ്രാന്തും അച്ഛൻ്റെ രണ്ടാം സന്താനത്തിനു വേണ്ടിയുള്ള കാത്തിരിപ്പും, എല്ലാ അവളെന്നോട് പറഞ്ഞു.. പിന്നെ അവൾ ചിരിക്കും. അവൾ ചിരിക്കുമ്പോൾ, ഞാനാ ചിരി ഇങ്ങനെ നോക്കിയിരിക്കും, "ഞാനും കുട്ടിക്കാലത്ത് മാത്രമേ ഇതുപോലെ ചിരിച്ചുകാണുക ഉള്ളായിരിക്കും, അല്ലേ ദൈവമേ"
എന്നോർത്ത്.
കൈയ്യിരുന്ന തൂവാല മടക്കി അവളൊരു മാജിക്ക് എനിക്ക് കാട്ടിതന്നു. പൊട്ടനേപ്പോലെ ഞാൻ കൈയ്യടിച്ചു! അതുകണ്ട് അവള് ചിരിച്ചു..അവൾ ചിരിക്കുമ്പോൾ, ഞാനാ ചിരി ഇങ്ങനെ നോക്കിയിരിക്കും, 'ഇനിയെന്നാ ഞാനിതുപോലൊന്ന് ചിരിക്കുന്നത്' എന്നോർത്ത്!
സംസാരത്തിനിടയിൽ അവളെൻ്റെ കൈയ്യിലേയ്ക്ക് ചാരി കിടന്നു! കിടന്നുകൊണ്ട് കാഴ്ചകൾ കണ്ടു!
അവളുറങ്ങി
എൻ്റെ സ്ഥലമെത്തി. അവളോടൊന്ന് സംസാരിച്ചിട്ട്, യാത്രപറഞ്ഞിട്ട് പോണമെന്നുണ്ട്! പക്ഷേ ഉറങ്ങിയ അവളെ ശല്യപ്പെടുത്തിയില്ല! അച്ഛന്‍റെ കൈകളിൽ അവളെ ഏല്പിച്ചതിന് ശേഷം ഞാൻ ബസ്സിൽനിന്നിറങ്ങി.
അടുത്ത ബസ്സിലേയ്ക്ക് കയറാൻ പോകും വഴി ഞാൻ ആകാശത്തേയ്ക്ക് ഒന്നു നോക്കി
" I need my childhood back, I need it back, I need to smile, I need to smile like anything..ഒന്നുകൂടി, ഒരൊറ്റ തവണ കൂടി, ചിരിക്കണം,ചുമ്മാ ചിരിച്ചാൽ പോരാ..എല്ലാം മറന്ന്, പോട്ടിചിരിക്കണം "
ഞാൻ അടുത്ത ബസ്സിൽ കയറി, സീറ്റുകളെല്ലാം നിറഞ്ഞിരുന്നു. പക്ഷേ അതിലൊരു സീറ്റിൽ ഒരു മദ്ധ്യവയസ്കൻ മാത്രം! അവിടെ ഇരിക്കാൻ സ്ഥലമുണ്ട്
ഞാനയാളുടെ അടുത്ത് ചെന്നുനിന്നു. എന്നിട്ട് അയാളോട് ചോദിച്ചു.
"ചേട്ടാ, എന്നെ..., എന്നെ, സൈഡിൽ ഇരുത്ത്വോ"
Akhil Joseph, A chemical engineering graduate from Amal Jyothy College of Engineering is a film aspirant, a voracious day dreamer, born happy table drummer, avid reader, blogger and a filmmaker. Film director at YES Malayalam Short film.
Find him On Facebook: Akhil Joseph
No comments: